Tuesday, September 30, 2008

സഖാവ്

ചുമന്ന കൊടികൾക്ക് കീഴിൽ ഇങ്ക്വാലാബ് വിളികളുമായി ജാഥ നയിച്ച
ആ മനുഷ്യനെ ഞാൻ സഖാവെന്ന് വിളിച്ചു.
നല്ലൊരു സഖാവ് ആകുക എന്നത് ജീവിതത്തിൽ
മറ്റെന്തിനെകാളും വലിയ സ്വപനമായി കൊണ്ടു നടന്നു.
എ.കെ.ജിയെകുറിച്ചും.സഖാവ് കൃഷണപിള്ളയെകുറിച്ചും കേട്ടാണ് ഞാൻ വളർന്നത്.
ഇന്നലെകളിൽ വീട്ടിലെ ചുവരിൽ തൂക്കിയ ലെനിന്റെയും മാക്സിന്റെ ചിത്രങ്ങൾ നോക്കി
ഞാൻ ഇങ്ക്വാലാബ് വിളിച്ചു.
കാരണം മനുഷ്യരെ സേനഹിക്കുകയും ഉള്ളവനിൽ നിന്നും ഇല്ലാത്തവന് ഉപകാരം ചെയ്യുകയും ചെയ്യുക
ആയിരുന്നു എന്റെ ലക്ഷ്യം.
പക്ഷെ ഇന്ന്?

Wednesday, July 16, 2008

കര്‍ക്കിടകം

അഷടഗന്ധം പുകച്ചു കൊണ്ടച്ചമ്മ നിലവിളക്കിനരുകിലായി
രുന്ന് രാമയാണം ചൊല്ലിടിന്നു.
ചാണകം മെഴുകിയ പഴയതറവാടിന്‍ ഉമ്മറത്തൂം ഇളം തിണ്ണയിലാകമാനം
കര്‍ക്കീടകമഴയുടെ പെരുംതുള്ളീകള്‍ ചിതറിടുന്നു.
ഉമ്മറപടിക്കരുകിലായൊരു കയറ്റുകട്ടിലില്‍ കറുത്തൊരുകമ്പിളി പുതപ്പിനുള്ളീല്‍
വിറച്ചു കൊണ്ട് മുത്തശ്ശി വെറ്റില മുറക്കുന്നു.
പാടത്തിനക്കരെയുള്ള തോട്ടെറിമ്പിലൂടെ നിരനിരയായി പോകുന്നു
പെട്രോമാക്സുകള്‍
കൂവലുകള്‍ കുറുകലുകള്‍
തലയില്‍ ഒരു തോര്‍ത്തു ചുറ്റി
അഛനിറങ്ങുന്നു.
നീളമുള്ള ഏവര്‍ഡി ടോര്‍ച്ചും മുത്തശ്ശന്റെ പഴയകാലന്‍ കുടയുമായി
ഊത്തപിടിക്കാന്‍

Saturday, July 12, 2008

ജന്മനാട്

എന്നേലും ഒരിക്കല്‍ എനിക്കെന്റെ ജന്മനാട്ടില്‍ പോണം.
മൂന്നും കൂടിയ കവലയില്‍ ബസ്സിറങ്ങി
കപ്പേളയുടെ അതിലെ കിടക്കുന്ന മണ്‍ വഴിയിലൂടെ നടക്കണം.
സത്യവാന്‍ ചേട്ടന്റെ മുറുക്കാന്‍ പീടികയില്‍ നിന്നും നാലണക്ക് ഒരു
നാരാങ്ങാ മിഠായി വാങ്ങി അതും നുണഞ്ഞ് പാടത്തെ ചെറുഞാറുകളില്‍
തട്ടി വരുന്ന കാറ്റും,അക്കരെ തോട്ടിലെ ചെറുപരല്‍ മീനുകളെയും നോക്കി
കരകണ്ടത്തിലൂടെ എന്റെ പഴയവീട്ടിലേക്ക് നടക്കണം.
നേര്‍ത്ത ചാറ്റല്‍ മഴ പെയ്യുമ്പോള്‍ മത്തങ്ങമത്തായിടെ പുരയിടത്തില്‍ നിന്നും
ഒരു മുഴുത്ത ചേമ്പില ഒടിച്ചെടുത്ത് തലയില്‍ ചൂടണം.
കരകണ്ടമിറങ്ങിയാല്‍ താഴച്ചപാടത്തൂടെ മലേല് കിളിയാള്
വച്ച പതുപതുപ്പുള്ള മണവരമ്പിലെ പശപശപ്പിലൂടെ നടന്ന് അക്കരെ കയറണം.
മഴകാലത്ത് വെള്ളം നിറഞ്ഞ് പൊട്ടിയൊലിക്കുന്ന വരമ്പിലൂടെ
കാലുകള്‍ നനച്ച് പടിഞ്ഞാറു നിന്നും അടിക്കുന്ന തണുത്തകാറ്റേറ്റ്
ബാല്യത്തിന്റെ സുഖമുള്ള ഓര്‍മ്മകളുമായി എനിക്കെന്റെ വീട്ടില്‍ തിരിച്ചെത്തണം.

Monday, June 30, 2008

പഴകഞ്ഞി

കെട്ടോന്‍ നാലുകാലില്‍ ആടി വന്നിട്ട്
കെട്ടോളെടെ നെഞ്ചത്ത് രണ്ട് ചവിട്ട്.
രാത്രി ഭര്‍ത്താവു വരുവോളം കൂരയിലെ മണ്ണെണ്ണവിളക്കിന്റെ
വെട്ടത്തില്‍ കഞ്ഞിവിളമ്പി കാത്തിരുന്നാ പെണ്ണൂമ്പിളക്ക്
രാത്രി കണ്ണീരു മിച്ചം.
നേരം പുലരുമ്പോള്‍ മനയ്ക്കലെ തമ്പ്രാന്റെ പറമ്പില്‍
വേലയ്ക്കു പോകുന്ന കെട്ട്യോന്‍
തലേന്നത്തെ പഴകഞ്ഞി
ഒരു കിണ്ണം പാത്രത്തില്‍ ഒരു തവി തൈര്.
ഒരു ചുവന്നുള്ളീ , ഒരു കാന്താരിമുളക്
ഞരടിച്ചിട്ട് ഒരൊറ്റ വലി.
വീണ്ടും തമ്പ്രാന്റെ പറമ്പില്‍ വേല
രാത്രി കള്ളൂഷാപ്പിന്ന്
ആടി ആടി പുലമ്പി കൊണ്ട്
വാതില്‍ മുട്ടി.
ഫ,എരണം കെട്ടോളെ
വാതില്‍ തുറന്ന് മുന്നില്‍ വന്നു നില്‍ക്കുന്ന
ഭാര്യയെ കുനിച്ചു നിറുത്തി രണ്ടിടി
നേരം വെളുത്താല്‍ വീണ്ടും പഴകഞ്ഞി
കുടി.
തമ്പ്രാന്റെ പറമ്പിലെ പണി.
ഒരു ദിവസം കെട്ട്യോന്‍ മരിച്ചു.
കെട്ട്യോള്‍ തനിച്ചായി.
ഒരു രാത്രി പതിവുപോലെ
വാതിലില്‍ മുട്ടി
കെട്ട്യോള്‍ പരിഭ്രമത്തോടെ വാതില്‍ തുറന്നു
മുന്നില്‍ കണ്ടത് മനക്കലെ തമ്പ്രാന്‍
കൈയ്യില്‍ പലഹാരങ്ങള്‍ നാനാവിധം
മുഖത്ത് ഒരു വഷളന്‍ ചിരി.

Friday, June 27, 2008

ഒന്ന് കണ്ണൂ തുറക്കു കണ്ണാ

വിളിച്ചിട്ടും എന്റെ വിളികേള്‍ക്കാത്തതെന്തെ കണ്ണാ.
ആ മുരളിക ഒന്നൂതാത്തതെന്തെ കണ്ണാ.
കൈനിറയെ വെണ്ണയുമായ് നിന്‍ മുന്നില്‍
ഞാന്‍ കാത്തു നിലക്കുന്നത് നീ കാണാത്തതെന്തെ കണ്ണാ.
എന്നോടൊന്നു മിണ്ടാത്തതെന്തെ കണ്ണാ.
(വിളിച്ചിട്ടും)
പൂന്താനത്തിന്റെ ജഞാനപാനയുമായ് ഞാന്‍ വരാം.
മേല്പത്തൂരിന്റെ നാരായണീയവും കൊണ്ടു വരാം.
കുറുരമ്മയെപോലെ നിന്‍ മുന്നില്‍ വാത്സല്യമായ് ഞാന്‍ നിറഞ്ഞിടാ.
ഒന്നു കണ്ണൂതുറക്കെന്റെ കണ്ണാ.
(വിളിച്ചിട്ടും)
മഞ്ഞപട്ടാടയും അടയാഭരണവും ഞാന്‍ നല്കിടാ.
കാലികളുമായ് എന്നും നിന്‍ മുന്നില്‍ ഞാന്‍ വന്നെത്തിടാം.
എന്റെ മുന്നില്‍ ഒന്നു കണ്ണുതുറക്കെന്റെ കണ്ണാ.
(വിളിച്ചിട്ടും)

Monday, June 23, 2008

നാലുമണി മഴ

ആര്‍ത്തിരമ്പി വിളിച്ചോടിയെത്തി
ക്ലാസിലെ ജനല്‍പാളികളില്‍ ആര്‍ത്തുലച്ചു
ഭീകരമായ് പെയ്തിറങ്ങിയ നാലുമണിമഴ
സത്യവാന്‍ മാഷിന്റെ കണക്കു ക്ലാസ്
ചൂരല്‍ കഷായം.
ബോര്‍ഡിനു മുന്നിലായ് വിറച്ചു നിന്നു
ഒരു കഷണം ചോക്കില്‍ അറിയാ‍ത്ത ഗണിതപാഠമത്രയും.
വീശിയ വടിയില്‍ ആര്‍ത്തുലച്ചെത്തിയ മഴ
ക്ലാസ്സില്‍ അന്ധകാരത്തിന്റെ വിത്തുകള്‍ പാകിയപ്പോള്‍
സന്തോഷം
പെയ്യട്ടങ്ങനെ പെയ്യട്ടെ വെട്ടി വെട്ടി പെയ്യട്ടെ

Saturday, June 21, 2008

എന്തൊരു ചൂട്

കാലുകള്‍ തളരുന്നു തൊണ്ട വരളുന്നു.
ഒരടി നടക്കാന്‍ വയ്യെനിക്ക്
കണ്ണില്‍ കത്തികാളുന്ന കൊടിയതാപം
പുറത്തിറങ്ങാന്‍ ഇനി ഞാനില്ല
ഉച്ചക്ക് ഭക്ഷണം പോലും വേണ്ടെനിക്ക്
എന്തൊരു ചൂടണാപ്പാ.
ഒരു പെപ്സിക്ക് വില ഒന്നേക്കാല്
ഇന്ന് ആറ് പെപ്സി കുടിച്ചു.
ഒരു ട്യൂബ് ഫെയറാന്‍ ലൌലിയില്‍ മിനുക്കിയ മുഖമാണൊ
ഇത്
എനിക്ക് വയ്യ
നാട്ടിലാണെല്‍ മഴ കാണാമായിരുന്നു
ഗ്ലാമര്‍ നോക്കാമായിരുന്നു.
ഇതിപ്പോ എന്തിരു ദുരിന്തമാണ്
കറുത്താല്‍ ഒരു പെണ്ണൂ നോക്കുമോ എന്നെ
ഞാന്‍ ഇനി വെയിലത്ത് ഇറങ്ങില്ല
അയ്യോ എന്റെ ഗ്ലാമര്‍ പോയെ
ഇനി ഞാനെന്തു ചെയ്യും.

Friday, June 20, 2008

മഴപെയ്യുമ്പോള്

മഴ പെയ്യുമ്പോള്‍ തോടിയിലൂടെ ഒന്നിറങ്ങി നടക്കണം.
കേശവേട്ടന്റെ ആലയില്‍ കാച്ചിയ പൂവന്തുമ്പാ കൊണ്ട്
പറമ്പില്‍ അങ്ങിങ്ങായി നാലഞ്ചു ചാലുകള്‍ കീറണം.

പായല്‍കറപുരണ്ട ഓട്ടിറമ്പിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളത്തില്‍
തല നനച്ച് അഹ്ലാദത്തോടെ തുള്ളിചാടണം.

നാലഞ്ചുനാളുകള്‍ മുന്നെയുള്ള പത്രത്തിന്റെ താളുകള്‍ വലിച്ചു കീറി
വള്ളമുണ്ടാക്കണം.

അയലത്തെ ദേവകി ചേച്ചിടെ കയ്യാലപൊക്കത്തു
നിന്നും കുതിചെത്തൂന്ന കലക്കവെള്ളത്തില്‍ ആ കടലാസു വള്ളങ്ങള്‍
ഒഴുക്കി അവയ്കോപ്പം മഴ നനഞ്ഞ് നടക്കണം.

രാത്രിയായാല്‍ തേക്കെലെ ജോസേഫു ചേട്ടനും അവറാച്ചന്‍ ചേട്ടനും ഒപ്പം
വഴുക്കലുള്ള പാടവരമ്പിലൂടെ ഊത്തപിടിക്കാന്‍ പോണം.

ഉമ്മറത്ത് നീലചായം പൂശിയ ഉരുണ്ട വലിയതൂണില്‍ ചാരി നിന്ന്
കാതുകള്‍ അടച്ചും തുറന്നും മഴയുടെ ഇരമ്പല്‍ കേള്‍ക്കണം.

ഇറമ്പലടിക്കുന്ന ഇളം തിണ്ണയില്‍ നിന്ന് കൈകള്‍ രണ്ടും നീട്ടി
ആ ചാറ്റലിന്റെ കുളിര്‍ ഏറ്റുവാങ്ങണം.

രാത്രി പുറത്ത് ആനന്ദാനൃത്തമാടുന്ന മഴയുടെ സംഗീതം കേട്ട്
നല്ലൊരു പുതപ്പിനുള്ളില്‍ ഒന്നുമറിയാതെ ചുരുണ്ടു കൂടി ഒന്നുമയങ്ങണം.

Tuesday, May 20, 2008

കാളവണ്ടി

നാട്ടിലൊരു കാളവണ്ടിയുണ്ട്.
മീശപിരിയനായ പോത്തേട്ടന്റെ
കാളവണ്ടി
കുണ്ടും കുഴിയും വീണ വഴിയിലൂടെ
ആടിയുലഞ്ഞു പോകുന്ന കാളവണ്ടി
മത്തായിച്ചന്റെ പലചരക്ക് കടയിലേക്ക്
സാമാനങ്ങള്‍ കൊണ്ടു വരാനും
കിട്ടുണ്ണി നായരുടെ ചായപീടികയില്‍
വാഴക്കുലകള്‍ എത്തിക്കാനും
പോത്തേട്ടന്റെ കാളവണ്ടി
വേണം
നാട്ടിലെ മണ്‍ പാതയിലൂടെ ആടിയുലഞ്ഞൂ
പോത്തേട്ടന്റെ കാളവണ്ടി പോകുന്നതു കാണാന്‍
നല്ല്ല ശേലാ
കുട്ടിക്കള്‍ സുകുളില്‍ പോകുമ്പോഴും
വരുമ്പോഴും പോത്തേട്ടന്റെ കാളവണ്ടി
കണ്ടാല്‍ ഇന്ന് ഇന്റര്‍ നെറ്റ് നോക്കുന്നാ
ഭംഗിയോടെ നോക്കി നില്‍ക്കൂം
കറുത്ത കാളയാ‍യ കുട്ടനും വെളുത്ത കാളയായ
രാമനുമാണ് പോത്തേട്ടന്റെ കാളവണ്ടിയുടെ
സാരഥികള്‍

Saturday, May 17, 2008

ചിത

ഞാന്‍ മരിക്കുമ്പോള്‍ വടക്കെലെ കമലാക്ഷിയമ്മയുടെ തെക്കെ
പറമ്പില്‍ നിലക്കുന്ന നല്ല നാട്ടുമാവിന്റെ തടികൊണ്ട് വേണം
എനിക്ക് ചിതയൊരുക്കാന്‍.
എന്നെ കത്തിക്കാന്‍ നന്ദിനി പശുവിന്റെ നെയ്യ് തന്നെ വേണം
ഞാന്‍ ദഹിക്കുമ്പോള്‍ ലോകം മുഴുവന്‍ അറിയണം
ഞാന്‍ മരിച്ച ഗന്ധം.
എന്റെ സഞ്ചയനത്തിന് അസ്ഥികഷണങ്ങള്‍ പെറുക്കുമ്പോള്‍
അവ രാമന്‍ കുശവന്റെ കരവിരുതില്‍ മെനഞ്ഞെടുത്ത
നല്ലോരു മണ്‍കുടത്തില്‍ വേണം
നിറയക്കാന്‍
അതില്‍ ചിന്താമണി ടെസ്റ്റയിത്സിലെ നല്ലോരു
പട്ട് കൊണ്ട് പൊതിയണം.
എന്റെ ചിതാ ഭസമം
ഗംഗയിലും പാപനാശിനിയിലും കവേരിയിലും
ഹിന്ദുമഹാസാഗരത്തിലും നിമഞ്ജനം ചെയ്യണം
ഞാന്‍ മരിക്കുമ്പോള്‍
എന്റെ കണ്ണ് മൂക്ക്,വായ് പല്ല് ,ഹൃദയം,വൃക്ക
ഒന്നും ഞാന്‍ ദാനം ചെയ്യില്ല.
മറ്റൊരു പുനര്‍ജന്മമുണ്ടെങ്കില്‍
എനിക്ക് ഇതിനൊന്നും മറ്റാരോടും കടം ചോദിക്കാന്‍ വയ്യ.

Wednesday, May 14, 2008

ഗുണ്ട

എതൊരു ഗുണ്ടയുടെയും നിലനിലപിന്റെ
അടയാളങ്ങളാണ് പിച്ചാത്തി മുനകള്‍
രാകി മിനുക്കിയ പിച്ചാത്തിമുന ഗുണ്ടയുടെ
തിളക്കം കൂട്ടും.
കുപ്പിചില്ല് കലക്കിയ വെള്ളം, ആസിഡ് ബള്‍ബ്
സൈക്കിള്‍ ചെയിന്‍ , വടിവാള് തുടങ്ങിയവയെല്ലാം
ഒരു ഗുണ്ടയെ ഗുണ്ടയാക്കുന്ന അടയാളങ്ങളാണ്.
ഒരു ഗുണ്ടയുടെ ധൈര്യം അവന്‍ ഒളിപ്പിച്ചു വച്ച ആയുധത്തിന്റെ ബലമാണ്.
ഒരിക്കല്‍ ഒരുവന്‍ ഗുണ്ടയായാല്‍ അവന്റെ ജീവിതവസാനം വരെ അവന്‍ ഗുണ്ടയായിരിക്കും
ഒരു ഗുണ്ടയുടെ മരണം മറ്റൊരു ഗുണ്ടയുടെ കൈകൊണ്ട് ആയിരിക്കും.

Friday, May 9, 2008

ആറടി മണ്ണ്

ചോരയും നീരും വിയര്‍പ്പാക്കി കിട്ടുന്ന
പണം കൊണ്ട് എനിക്ക് ആറടി മണ്ണ് വാങ്ങണം.
അവിടെ ആരും കൊതിക്കുന്ന ഒരു കല്ലറ പണിയണം.
കൂടമ്പാറയിലെ കരിമ്പാറ കഷണങ്ങള്‍ വെട്ടിയെടുത്ത
കല്ലില്‍ നാണുവാശ്ശാരിയുടെ കരവിരുതില്‍
ആ കല്ലറക്ക് നല്ലോരു അടിത്തറയിടണം.
ഭംഗിയുള്ള ചിത്ര പണികള്‍ ചെയ്തു മിനുക്കിയെടുത്ത
കല്ലറക്ക് മുകളില്‍ ഞാനെന്റെ ചിത്രങ്ങള്‍ വരച്ചു വയ്ക്കും.
രാത്രി കുടിച്ചു വഴിതെറ്റി വരുന്ന കുടിയമ്മാര്‍ക്ക് വിശ്രമിക്കാന്‍
ഞാനെന്റെ മേല്‍ക്കൂര മാര്‍ബിളു കൊണ്ടലങ്കരിക്കും.

Tuesday, May 6, 2008

ഭ്രാന്ത്

ഭ്രാന്ത് ഒരു രോഗമല്ല.
ഭ്രാന്തന്‍ ഒരു രോഗിയുമല്ല.
ഭ്രാന്ത് കാ‍ലം ഒരുവനില്‍ അടിച്ചേല്‍പ്പിക്കുന്ന ശിക്ഷയാണ്.
ഒരു ഭ്രാന്തന് ഭ്രാന്ത് ഒരലങ്കാരമാണ്.
ഭ്രാന്തന്‍ ചിരിക്കുന്നതും കരയുന്നതും ലോകത്തിനു ചിരിപ്പിക്കാനാണ്.
ഒരു ഭ്രാന്തന്റെ ചിരി ലോകത്തിനാന്ദമാണ്.
ഒരു ഭ്രാന്തന്‍ വഴിയിലൂടെ പോയാല്‍.
ലോകം ഒരേ സ്വരത്തില്‍ പറയും.
“ദേ ഒരു ഭ്രാന്തന്‍ പോണു“.
ഒരുവന് ഭ്രാന്ത് വന്നാല്‍ അവന്റെ മരണം വരെ അവന്‍ ഭ്രാന്തനായിരിക്കും.
ഭ്രാന്തന്റെ മരണശേഷം അവനെ ബന്ധിച്ച ചങ്ങല ലോകത്തോട്
വിളിച്ചു പറയും.
“ദേ ഇവിടെ ഒരു ഭ്രാന്തന്‍ ജീവിച്ചിരുന്നു“.


Saturday, May 3, 2008

അപഫ്ന്‍

കുളിയില്ല ജപമില്ല
കുളിച്ചാലും ജപിച്ചാലും ഫലമൊട്ടുമില്ല
പഴയൊരു നാലുക്കെട്ടിന്റെ കോണിലായി
തെക്കോട്ട് ദ്രഷ്ടിക്കളൂന്നി
വായ്കുമുകളില്‍ കൈകള്‍ മറച്ച്
ചിന്താമൂകനായിട്ടങ്ങനെ അവനിരിക്കും
അവനെ അപഫന്‍ എന്നു വിളിക്കാം
ഏട്ടന്റെ നിഴല്‍ വെട്ടം കണ്ടാല്‍ അയിത്തക്കാരനെ
പോലെ അവന്‍ ഓടി മറയും
ഇല്ല്യേല്‍ ഫ് ഏഭ്യാ എന്നുള്ള വിളിയാകും
ഫലം
അവന് സ്വജാതിയില്‍ നിന്നു കല്ല്യാണം കഴിച്ചു കൂടാ
സ്വന്തം സമുദായത്തിലെ പെണ്‍ക്കുട്ടിക്കളെ നോക്കി കൂടാ
ഭഗവാനെ പൂജിക്കാന്‍ അധികാരമില്ല
ബ്രാമണനാണെന്നുള്ള ചിക്നം അവന്റെ പൂണൂല്‍ മാത്രമാണ്
ബാക്കിയൊക്കെ വെറും നിക്രഷ്ടം

Friday, May 2, 2008

തീണ്ടാരി

ഇടുങ്ങിയ മുറി.
ഒട്ടും വെളിച്ചമില്ലാത്ത ഒരു ഇടുങ്ങിയ മുറി.
പാറ്റക്കളും പല്ലിക്കളും എലിക്കളും കൂട്ടിന്.
ഓട്ടവീണൊരു തകരപാത്രം .
ഒരു ഓട്ടു ഗ്ലാസ്.
പഴകിയ അഞ്ചാറു തുണി കഷണങ്ങള്‍,
അവയക്കിടയില്‍ വിഷാദം വാരിതേച്ച മുഖവുമായി
അവള്‍.?
തീണ്ടാരി.

Tuesday, April 29, 2008

ഇരുട്ടിനെ എനിക്ക് ഭയമാണ്

ഇരുട്ടിനെ എനിക്ക് ഭയമാണ്.
കാരണം ഇരുട്ട് എന്റെ മരണമാണ്.
സന്ധ്യ കറക്കുമ്പോള്‍
അകലെ യമപുരിയില്‍ തിളച്ചയെണ്ണയില്‍
മനുഷ്യമാസം പുഴുങ്ങുന്ന മണം.
മെയ് പതിനൊന്നിനു ട്രെയിനിനു തലവച്ച
ദാമോദരേട്ടന്‍ ഇന്നലെ സ്വപനത്തില്‍
വന്നു പറഞ്ഞു.
നീ വാ.
ഇവിടെ ഈ തിളച്ചയെണ്ണയില്‍ നമ്മുക്ക് നീന്തലു പഠിക്കാം.
അമ്മമ്മയെ ദഹിപ്പിച്ചപ്പോള്‍ ശിരസു പൊട്ടിതെറിച്ചു
നീ തിയ്യില്‍ കിടന്നിട്ടുണ്ടോ।?
ദാമോദരേട്ടന്‍ മുറുക്കാ‍ന്‍ ക്കറ നിറഞ്ഞ പല്ലുകള്‍
കാട്ടി ഉറക്കെ ചിരിച്ചു
അമ്മേ ............
ഇരുട്ടിനെ എനിക്ക് ഭയമാണ്.

Thursday, January 24, 2008

മനസിന്റെ നിറം

ചോരക്കു നിറം ചുവപ്പാണു।

എന്റെ നിറം കറുപ്പാണ്‍।

ഭുമിക്കു ചുടും പൊടിയും കലര്‍ന്നനിറമാണു।

കടലിനു നിലനിറമാണു


മാനത്തിനു കാര്‍മേഘത്തിന്റെ നിറമ്മാണു


പക്ഷെ എന്റെ മനസിന്റെ നിറമാത്രം എനിക്കറിയില്ല