Wednesday, June 2, 2010

ഞാൻ നട്ട മാവ്

കുട്ടികാലത്ത് അമ്മൂമ്മ വാങ്ങി കൊണ്ടു വന്ന മാമ്പഴത്തിന്റെ വിത്ത്

ഞാൻ കിഴക്കെ പറമ്പിനരുകിലായി കുഴിച്ചിട്ടു.

അതിനു വെള്ളമൊഴിച്ചു.

മാവിത്തിനു തളിരിടുന്നതും അതിന്റെ ഇലകളും തണ്ടും വളരുന്നതും ഞാൻ ഒരു കാഴ്ച്ചകാരനെ പോലെ

നോക്കി നിന്നു കണ്ടു.

മാവ് വളർന്നപ്പോൾ അതിന്റെ വലിയ ശിഖരങ്ങൾക്ക് താഴെ പടിഞ്ഞാറു നിന്നും കിഴക്കു നിന്നും ഇടയ്ക്കിടെ വിരുന്നെത്തുന്ന കാറ്റിന്റെ കുളിരേറ്റ് ഇരിയ്ക്കാൻ ഞാൻ ഇഷ്ടപ്പെട്ടു.

ഒരോ വേനലവധിയ്ക്കും പള്ളികുടങ്ങൾ അടയ്ക്കുമ്പോൾ ചുറ്റുവട്ടത്തെ കുട്ടികൾ എല്ലാം മാമ്പഴം പെറുക്കാൻ ഓടി നടക്കുന്നത് ഞാൻ കൌതുകത്തോടെ നോക്കി കണ്ടു.

അപ്പോഴൊക്കെ അല്പം അഹങ്കാരത്തോടെ എന്റെ മനസ്സു പറഞ്ഞൂ.

ഞാൻ നട്ട മാവ്. എന്റെ മാവിലെ മാമ്പഴം.

വർഷങ്ങൾ കഴിഞ്ഞൂ.

എന്നെനിയ്ക്ക് വയസ്സായി.മരണം കാത്ത് വായുവലിച്ച് ഞാൻ കിടക്കുകയാണ്.

എന്റെ മൂത്തമകൻ അനിരുദ്ധൻ പറയുകയാണ്.

അച്ഛനു ചിതയൊരുക്കാൻ കിഴക്കേല് അച്ഛൻ നട്ട മാവ് മുറിയ്ക്കണമെന്ന്.

എന്നെ ചാണകപോളയിൽ ദഹിപ്പിച്ചോളു.എന്നാലും എനിക്ക് വേണ്ടി ഒരു മാവുപ്പോലും മുറിയ്ക്കരുത്.

ഈ മരങ്ങൾ എന്നേക്കാൾ ഈ ഭൂമിയ്ക്ക് ഉപകാരികളാണ്.

3 comments:

ഉപാസന || Upasana said...

പരിസ്ഥിതിസ്നേഹി
:-)

പട്ടേപ്പാടം റാംജി said...

പ്രകൃതിയെ സ്നേഹിക്കാന്‍ കഴിയുന്നത് മനസ്സിന്റെ നന്മ തന്നെ.
നന്നായിരിക്കുന്നു.

Kalavallabhan said...

"എനിക്ക് വേണ്ടി ഒരു മാവുപ്പോലും മുറിയ്ക്കരുത്."
സംരക്ഷിക്കപ്പെടട്ടെ നമ്മുടെ നാട്ടുമരങ്ങളെങ്കിലും.