Monday, December 7, 2009

അനാഥത്വം

നെരിപ്പോടിനുള്ളിൽ എരിയുന്ന വേദനകളും പ്രതീക്ഷകളും പ്രത്യാശകളും

പങ്കുവയ്ക്കാൻ ഇല്ലാത്ത ഒരുവന്റെ നിസ്സാഹായതയാണ് അനാഥത്വം.

ഒരു അനാഥന് തെരുവ് അമ്മയും.

നിസ്സാഹയതയ്ക്ക് മുന്നിൽ വലിച്ചെറിയപ്പെടുന്ന നാണയതുട്ടുകൾ

അച്ഛനുമാണ്.

Thursday, June 25, 2009

കാറ്റ്


കാറ്റ്
മനസ്സിന്റെ മരുഭൂമികളിൽ പൊടിപറത്തി രസിച്ചു.
കാറ്റ്
ഇന്നലെയുടെ തുറന്നിട്ട ജാലകത്തിൽ വിഷവായു നിറച്ചു.
കാറ്റ്
മഴയുടെ തുള്ളികൾക്കൊപ്പം അമ്ലവും വർഷിച്ചു.
കാറ്റ്
ഇരുണ്ടഗർഭപാത്രത്തിൽ നിന്നും മോചനം തേടാതെ
വേദനകളും അടങ്ങാത്ത മോഹങ്ങളും ബാക്കി വച്ചു
കാറ്റ്
ശവങ്ങൾ പട്ടങ്ങളാക്കി ഭൂമിക്കുമേളിൽ പറത്തി.
കാറ്റ്
ചുടു ചോരയും ചാരവും വാരി വിതറി

Sunday, June 21, 2009

നദി

ഉത്ഭവമെവിടെയെന്നറിയില്ല

അനാദിയിൽ നിന്നും ചുരുളുകളായി

ചെറുകണികകളായി

നിർഗ്ഗളിക്കുന്ന ലാവാ പ്രവാഹം.

ഒരോ കണികകളിലുമായി അനേകം

കണികകൾ

അവ വീണ്ടും അസംഖ്യം കണികകളാൽ

ഒത്തൂ ചേരുന്നു.

ഇവിടെ ഒരു നദി പിറക്കുന്നു.

Thursday, June 18, 2009

ഒരു പ്രേമം ജനിക്കുന്നു.

കണ്ണൂകൾ കണ്ണുകളുമായി കോർക്കുമ്പോഴുണ്ടാകുന്ന ലജ്ജയിൽ
നിന്നും ഒരു പ്രേമം ജനിക്കുന്നു.
കർക്കിടകത്തിലെ മഴ കഴിഞ്ഞു വന്ന ചിങ്ങത്തിന്റെ
മധുരമാണ് പ്രേമത്തിന്.
പ്രേമം
ഒറ്റപ്പെടലിൽ നിന്നും മുക്തിനേടിയ മനസ്സിന്റെ ആശ്വാസമാണ്.
പ്രേമം
ഇരുട്ടിൽ പ്രകാശം പരത്തുന്ന മിന്നാമിനുങ്ങാണ്.
പ്രേമം
അനന്തമായ സാഗരത്തിലെ അതിസൂക്ഷമമായ ഒരു കണികയാണ്.
പ്രേമം
വസന്തത്തിന്റെ നിറപകിട്ടാണ്.
പ്രേമം
ആനന്ദം നിറഞ്ഞ മനസ്സിന്റെ കണ്ടെത്തലാണ്.

Wednesday, June 17, 2009

പ്രയാണം

അകന്നു പോയ ഇരുട്ട് അടുത്തടുത്ത് വരുന്നതുപോലെ
മനസ്സിന്റെ ഗർഭത്തിൽ ചിതലരിക്കുന്ന ഓർമ്മകൾ
ദ്രവിച്ച ചിന്തകൾ
ആത്മാവിനു തീ പിടിക്കുമ്പോൾ ഒരു കട്ടപ്പുക അന്തരീക്ഷത്തെ വൃണപ്പെടുത്തുന്നു.
മനസ്സിന്റെ കുഷ്ഠം ജന്മാന്തരങ്ങളിലേയ്ക്ക് പടരുന്നു.
ലക്ഷ്യമില്ലാത്ത യാത്ര,
ചിന്തകളുടെ ഇടുക്കിൽ ദ്രവിച്ച ചീളുകൾ എരിയുന്ന ഗന്ധം.
മാറ്റങ്ങൾ കണ്ടെത്താൻ മടിക്കുന്ന മനസ്സ്.
പകലിന്റെ വെട്ടം അഗ്നിയാ‍യ്,ലാവയായ്
പടർന്ന് പടർന്ന്…………………?

Tuesday, June 16, 2009

എന്റെ ഗ്രാമം (ഇന്ന്)

ഏങ്ങും ഫ്ലാറ്റുകൾ, പെരുകിയ ജനത്തിനു തലചായ്ക്കാനിടമില്ല.
വയലുകൾ മൺകൂനകൾ, പണിതിട്ട പുരത്തറകൾ
ഉണങ്ങി വരണ്ട വരമ്പുകൾ
തോട്ടിൽ വെള്ളമില്ല.
ഉള്ളവ അഴുക്കുചാലുകൾ
മണ്ഡരി വന്നുണങ്ങിയ തെങ്ങുകൾ
കാലത്തിൻ സ്മൃതിയായ് മാറിയ കിളികളുടെ ശബ്ദം
ഇന്നത് വേസ്റ്റേൺ സംഗീതത്തിന്റെ കിരുകിരുപ്പും.
തൂമ്പയും തൊപ്പിപ്പാളയുമേന്തിയ കർഷകരില്ലിന്ന്
അവരെല്ലാം ടൈയ്യും കോട്ടും സ്യൂട്ടുമിട്ട ജോലിക്കാർ
തിരുവാതിര നോമ്പുനോറ്റ പെൺകിടാവില്ല
പകരം ജീൻസും ലിപ്റ്റിക്കുമിട്ട സുന്ദരികൾ
നഗരത്തിന്റെ തിരക്ക് ഗ്രാമത്തിലേയ്ക്ക് എത്തിനില്ക്കുന്നു.
തിരക്കേറിയ വീഥികൾ, പരസ്യബോർഡുകൾ
എവിടെയും ഇന്റ ർ നെറ്റും മൊബൈലും
മാതൃഭാഷമറന്ന മലയാളിയും.


രാത്രികാലത്ത് വഴിയാത്രകാരന് ദിശകാട്ടിയ ചൂട്ടുകറ്റയില്ലിന്ന്
അതിന്റെ സ്ഥാനത്ത് ഹൈപവ്വർ ലൈറ്റുകളും.
മോട്ടോർ ബൈക്കുകളുടെ കാതടിപ്പിക്കുന്ന ശബ്ദവും.
നടന്ന് പോകുന്നവർ നന്നേ ചുരുക്കം.
ഏങ്ങും വാഹനങ്ങൾ
ഓണമില്ല വിഷുവില്ല ദശപുഷപം ചൂടിയ പെൺകിടാങ്ങളില്ല.
അവയുടെ സ്ഥാനത്ത് ഇന്ന് വെറും ആഘോഷങ്ങൾ മാത്രം
ഓർക്കുന്നു ഞാനന്റെ ഗ്രാമത്തെ വേദനയോടെ
ഒരിക്കലും തിരിച്ചുകിട്ടില്ലാ ആ കാലം
വേദനയോടെ ഞാനൊരിറ്റുകണ്ണീർ പൊഴിക്കട്ടെ
ചെറുതായെങ്കിലും.

Monday, June 15, 2009

എന്റെ ഗ്രാമം ( ഇന്നലെ)

ഒരു കാലത്തെത്ര സുന്ദരമായിരുന്നെന്റെ ഗ്രാമം.
മരുപ്പച്ചകൾ തിണിർത്ത വരമ്പുകൾ
പുൽമേടുകൾ ചെറുഞാറുകൾ നിറഞ്ഞ പാടങ്ങൾ
തത്തയും കൊറ്റിയും ചെറു വാലാട്ടി കിളിയും ചിലച്ചൊച്ച വച്ച പുലരികളും
മഞ്ഞിന്റെ നേർത്ത കണികകൾ ചെറുനെൽകതിരുകളിൽ
ഉമ്മ വച്ചുറങ്ങും പ്രഭാതങ്ങളും.
പുലരി കുളിരായ് ഓടിയെത്തുന്ന മഴമേഘങ്ങളും.
ഓർത്തുനോക്കിയാലെത്ര സുന്ദരം.
ഹാ! എത്ര മനോഹരം എന്റെ ഗ്രാമം.
തിരുവാതിര നോമ്പുനോറ്റ പെൺകിടാവും.
ചെളികുണ്ടു നിറഞ്ഞ വഴിയിലൂടെ ആടിയുലഞ്ഞൂ നീങ്ങിയ കാളവണ്ടിയും
രാത്രിയിലെ യാത്രകാരന് ദിശകാട്ടിയ ചൂട്ടുകറ്റയും.
രാത്രികാലത്തെ ഭയപ്പെടുത്തിയ കൂമൻ പക്ഷിയുടെ
രോദനവും ചെറുകണികകളായി മനസ്സിൽ പെയ്തിറങ്ങുന്ന ഓർമ്മകൾ.
ഹാ! എത്ര സുന്ദരം, എത്ര മനോഹരം എന്റെ ഗ്രാമം.

Friday, June 5, 2009

ജേഴ്സി പശു

കൊമ്പുണ്ട് വാലുണ്ട്
കുടവയറുണ്ട്.
ചേലൊത്ത വയറിൽ
ഒരു കുടം പാലുണ്ട്.
പാലു കറക്കാൻ ചെന്നാൽ പിൻ കാലിനടിയ്ക്കാനുള്ള
ശൌര്യമുണ്ട്.
ജേഴ്സിയാണേലും നാടൻ കാളയേക്കാൾ ശൌര്യമാണിവൾക്ക്.

Monday, March 23, 2009

മരണശേഷം (ഒരു പേകിനാവ്)

മഴ പെയ്യുന്നു.

ആർത്തിരമ്പി, എന്തിനെയോ കീഴടക്കാനുള്ള ഉദ്യമത്തോടെ

മുറ്റത്തെ മാവിൻ കൊമ്പിൽ ഒരു പക്ഷിയെപോലെ ആത്മാവ് നനഞ്ഞൊലിച്ചു.

ഇടിയുടെ ശബ്ദം കേട്ടപ്പോൾ പുറത്തെ വാതിലുകൾ കുട്ടികൾ കൊട്ടിയടച്ചു.

എന്റെ ശരീരം ഇന്നലെ അഗ്നി വിഴുങ്ങിയതുകൊണ്ട് ഇന്ന് എനിക്ക് ശരീരമില്ല.

ഏങ്ങോ ചത്തു കിടന്ന ഒരു പക്ഷിയുടെ ശരീരം ഞാൻ കടം വാങ്ങി.

എന്റെ ദുരവസ്ഥ.

മഴനനഞ്ഞ് ശീലിച്ച് പ്രകൃതിയുമായി കൂട്ടുകൂടി നടന്നിട്ടുള്ള പക്ഷിയുടെ ശരീരത്തിലിരുന്ന് ഞാൻ വിറച്ചു.

ആരും വാതിൽ തുറന്നില്ല.

ഞാൻ ഇടക്കിടെ കൂവി കരഞ്ഞു.

ആരും കേട്ടില്ല.

എപ്പോഴോ അടുപ്പിൽ ഉപ്പുകൾ പൊട്ടുന്ന ശബദം കേട്ടു.

അന്നേരം എനിക്ക് മനസ്സിലായി

ഞാനൊരു മരണപക്ഷിയാണെന്ന്.

Thursday, March 5, 2009

കള്ള്

നാട്ടിലെത്ത്യാല് പുഴയരികത്തുള്ള ഷാപ്പില് പോയി

രണ്ട് കുപ്പി തെങ്ങിൻ കള്ള് അടിക്കണം.

ചെത്തുകാരൻ കുട്ടപ്പൻ ചെത്തിയിറക്കിയ അന്തികള്ള്

നല്ലതു പോലെ തണപ്പിച്ച് കഴിക്കണം.

ദാമുവേട്ടന്റെ പുഴവക്കിലെ ഷാപ്പില് നല്ല ഞണ്ട് കറിയും കരിമീൻ പൊള്ളിച്ചതും കിട്ടും.

ഭാസ്കരേട്ടനും ഗോവിന്ദേട്ടനും ജോസൂട്ടിയും മുഹമ്മദും ഞങ്ങൾ നാലഞ്ചാളുകൾ രാവേറെ ചെല്ലുവോളൂം പാട്ടുപ്പാടി പൂരം നടത്തി കുപ്പികാലിയാക്കി

രാത്രി മോട്ടോർ അടിച്ചു നനയ്ക്കുന്ന പാടത്തൂടെ ചെറിയ നെൽകതിരുകളിൽ തട്ടി പാട്ടു പാടി

തെറിവിളിച്ച് കൂവികൊണ്ട് വീട്ടിൽ വന്ന് കയറണം.

മടേല് ജാനുവിന്റെ തിണ്ണയിൽ കത്തുന്ന ചിമ്മിനി വിളക്ക്

കെട്ടോന് അറ്റാക്ക് വന്ന് ചത്തപ്പോൾ അവളൊരു പഞ്ചാലിയായി.

ഭാസ്കരേട്ടനും ഗോവിന്ദേട്ടനും ജോസൂട്ടിയും പിന്നെ ചില കൊച്ചു പിള്ളേര്

മടേല് വഴി പോയാല് രാത്രി തെറി വിളികിട്ടും തലേൽ മുണ്ടിട്ട് നടക്കണം.

ഞാനില്ലേ ആ വഴിക്ക്.