Saturday, July 12, 2008

ജന്മനാട്

എന്നേലും ഒരിക്കല്‍ എനിക്കെന്റെ ജന്മനാട്ടില്‍ പോണം.
മൂന്നും കൂടിയ കവലയില്‍ ബസ്സിറങ്ങി
കപ്പേളയുടെ അതിലെ കിടക്കുന്ന മണ്‍ വഴിയിലൂടെ നടക്കണം.
സത്യവാന്‍ ചേട്ടന്റെ മുറുക്കാന്‍ പീടികയില്‍ നിന്നും നാലണക്ക് ഒരു
നാരാങ്ങാ മിഠായി വാങ്ങി അതും നുണഞ്ഞ് പാടത്തെ ചെറുഞാറുകളില്‍
തട്ടി വരുന്ന കാറ്റും,അക്കരെ തോട്ടിലെ ചെറുപരല്‍ മീനുകളെയും നോക്കി
കരകണ്ടത്തിലൂടെ എന്റെ പഴയവീട്ടിലേക്ക് നടക്കണം.
നേര്‍ത്ത ചാറ്റല്‍ മഴ പെയ്യുമ്പോള്‍ മത്തങ്ങമത്തായിടെ പുരയിടത്തില്‍ നിന്നും
ഒരു മുഴുത്ത ചേമ്പില ഒടിച്ചെടുത്ത് തലയില്‍ ചൂടണം.
കരകണ്ടമിറങ്ങിയാല്‍ താഴച്ചപാടത്തൂടെ മലേല് കിളിയാള്
വച്ച പതുപതുപ്പുള്ള മണവരമ്പിലെ പശപശപ്പിലൂടെ നടന്ന് അക്കരെ കയറണം.
മഴകാലത്ത് വെള്ളം നിറഞ്ഞ് പൊട്ടിയൊലിക്കുന്ന വരമ്പിലൂടെ
കാലുകള്‍ നനച്ച് പടിഞ്ഞാറു നിന്നും അടിക്കുന്ന തണുത്തകാറ്റേറ്റ്
ബാല്യത്തിന്റെ സുഖമുള്ള ഓര്‍മ്മകളുമായി എനിക്കെന്റെ വീട്ടില്‍ തിരിച്ചെത്തണം.

10 comments:

ജിജ സുബ്രഹ്മണ്യൻ said...

പോരൂ..ജന്മ നാട്ടിലേക്ക്..ഇപ്പോള്‍ വന്നാല്‍ ഊത്ത പിടിക്കാം.പിള്ളേച്ചന്‍ മീന്‍ കൂട്ടുന്ന ആളാണോ..ആണെങ്കില്‍ തോട്ടില്‍ നിന്നു ഊത്ത പിടിച്ചു പരല്‍ മീന്‍ ഒക്കെ നല്ല പുളിയില അരച്ച് ചമ്മന്തി അട ഉണ്ടാക്കി ഊണു കഴിക്കാം.പാടത്തെ തണുത്ത കാറ്റേറ്റ് ഉമ്മ്മറകോലായില്‍ ഇരിക്കാം.അവിടെ ഇരുന്ന് ആഞ്ഞിലി കുരു വറുത്തതും കശുവണ്ടി വറുത്തതും കൊറിക്കാം..വൈകുന്നേരങ്ങളില്‍ അപ്പുറത്തെ തമ്പാന്‍ ചേട്ടന്‍ വരുമ്പോള്‍ കുറച്ച് പരദൂഷണം ഒക്കെ പറഞ്ഞിരിക്കാം..പിന്നെ ദീപാരാധന തൊഴാന്‍ അമ്പലത്തില്‍ പോകാം !! വേഗം വരൂ‍ൂ നാട്ടിലേക്ക്...

Unknown said...

ഇടമുറിയാതെ മഴ പെയ്തിരുന്നങ്കിൽ
അടുക്കളയിലെ ചേവിൽ സൂക്ഷിച്ചു വെച്ച കശുവണ്ടി ചുട്ടു തിന്നാമായിരുന്നു. കർക്കിട നാളിലെ വെളുപ്പാൻ കാലത്തു കൂട്ടിയിട്ട തേക്കില തീയിട്ട് തണുപ്പു മാറ്റാമായിരുന്നു.

Sharu (Ansha Muneer) said...

ആ നാട് വായിക്കുന്നവരുടെ മനസ്സിലേയ്ക്കെത്തിച്ചു :)

smitha adharsh said...

മനുഷ്യനെ കൊതിപ്പിക്കാന്‍ കരുതിക്കൂട്ടി ഇറങ്ങി പുറപ്പെട്ടിരിക്കുകയാ അല്ലെ?

OAB/ഒഎബി said...

നാലണക്ക് നാരങ്ങ മുട്ടായി,
ഞാറുകളില്‍ തട്ടി വരുന്ന കാറ്റ്..
അതൊക്കെ ഇപ്പഴും നിങ്ങളവിടെ ഉണ്ടൊ?
വാട്ട് ചേമ്പില...ഓ ഐ റിമെമ്പറ് ദാറ്റ്...വെള്ളം വീണാല്‍ തെന്നിത്തെറിക്കുന്ന ഒരിനം ബിഗ് ലീഫ്?.

നടക്കും എന്ന് തോന്ന്ണില്ല.
പ്രിയത്തില്‍ ഒഎബി.

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

ഞാനും കൂടി വരട്ടേ? നഗര വാസിയാണെങ്കിലും എന്റെ ഉള്ളില്‍ ഒരു ഗ്രാമീണന്‍ ഇപ്പോഴുമുണ്ട്. ഗ്രാമത്തിന്റെ വിശുദ്ധി എത്ര പറഞ്ഞാലും തീരില്ലല്ലോ?

Unknown said...

ഏല്ലാവര്‍ക്കും നന്ദി
എന്റെ ജന്മനാട് മുവ്വാറ്റുപുഴയിലെ ആരക്കുഴയാണ്

Seema said...

എന്തേ പിന്നെ പൂവാത്തത്?

Sojo Varughese said...

പിന്നെ തോട്ടിന്‍റെ ഇറമ്പത്ത് കുത്തിയിരുന്നു ചൂണ്ടലിട്ടു മീന്‍ പിടിക്കണം....
വേനലില്‍ വറ്റിയ പാടപ്പരപ്പില്‍ ഒരു പട്ടത്തിന്റെ അറ്റത്തെ നൂലും വലിച്ചോടാന്‍...

അങ്ങനെ അങ്ങനെgr

ബഷീർ said...

നന്മകളുടെ വിളനിലമായ നാട്ടിന്‍പുറത്തിന്റെ നനുത്ത ഓര്‍മ്മകളില്‍ ഊളിയിടാന്‍ നമുക്കെന്നും ആഗ്രഹമാണ്` പുതിയ സാഹചര്യങ്ങളിലും പഴയ ഓര്‍മ്മകള്‍ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ വിരളമാണിന്ന്.. ഒരു പാടു പിറകിലേക്ക്‌ കൊണ്ട്‌ പോയി..ഈ വരികള്‍..
നന്ദി