തുറന്നിട്ട ജാലകത്തിനപ്പുറം ചെമ്മൺ പാതയാണ്.
മഴയിൽ കുതിർന്ന ചെമ്മൺ പാതയിലൂടെ കുന്നിൻ മുകളിലെ കുടിലുകളിലെ
മനുഷ്യർ ഉപേക്ഷിച്ച അവശിഷ്ടങ്ങൾ ഒഴുകി നീങ്ങുന്നു.
തുറന്നിട്ട ജാലകത്തിനപ്പുറം കുടപിടിച്ച കുട്ടികൾ കലക്കവെള്ളം ഒഴുതുമറിച്ച് സ്കൂളിലേയ്ക്ക്-
പോകുന്ന കാഴ്ച്ച ജനൽ കമ്പികളിൽ പിടിച്ച് നോക്കി നില്ക്കാൻ രസമാണ്.
മൂന്നാല് ദിവസം മുമ്പ് പ്രസവിച്ച അമ്മിണിയേടത്തിടെ നന്ദിനി പശുവിന്റെ വിശപ്പിന്റെ വിളി ഒരു വശത്ത്.
കലങ്ങിയ ചാലുകളിൽ കൊച്ചുകുളമ്പടികൾ ചവിട്ടി മഴ നനഞ്ഞ് ഓടി നടക്കുന്ന കിടാവിനെ പിടിയ്ക്കാൻ അമ്മിണിയേടത്തിടെ തത്രപ്പാട്.
ഒറ്റാലും അരിവാളുമായി തങ്കപ്പേട്ടൻ നിരാശനായി ബീഡി പുകച്ച് കീറിയ കുടയ്ക്ക് കീഴിൽ വീട്ടിലേയ്ക്കുള്ള വഴിയിൽ.
കഴിഞ്ഞ പെരുമഴയത്ത് കള്ളെടുക്കാൻ പനയിൽ കയറി കാല് ഒടിഞ്ഞ് ഉമ്മറത്തെ ചകിരി കട്ടിലിൽ
വിശ്രമിക്കുന്ന കുമാരേട്ടൻ ബീഡി കത്തിച്ച്. കുശലം ചോദിക്കുന്നു തങ്കപ്പേട്ടനോട്.
‘മീനൊന്നും കിട്ടിയില്ലേ തങ്കപ്പാ.‘
‘മഴ വെള്ളം കൂടുതലാ.’
കലങ്ങിയ വെള്ളത്തിൽ ചെമ്മൺ പാതയിലൂടെ തങ്കപ്പേട്ടൻ വലിച്ചെറിഞ്ഞ ബീഡി കുറ്റി ഒഴുകി നിങ്ങി.
ഇലകളിൽ ചില്ലകളിൽ ശിഖിരങ്ങളിൽ തൂവിയിറങ്ങുന്ന മഴച്ചാലുകൾ.
തുറന്നിട്ട ജാലകത്തിനപ്പുറം ചെമ്മൺപാതയിൽ ദൂരേയ്ക്ക് ഒഴുകിയിറങ്ങി പോകുന്നത് അവശിഷ്ടങ്ങൾ.
മഴ പെയ്യുകയാണ്. തകർത്തു പെയ്യുകയാണ്
4 comments:
മഴയിലെ ജീവിതചിത്രം നന്നായി
നന്നായി ..നല്ലൊരു വാക്ചിത്രം വരയ്ക്കുന്നു
മഴയും, മഴയിലെ കലങ്ങിയ കാണലും ചില ഓര്‍മ്മകള്‍ ഉണര്‍ത്തി.
കുറെ ആയല്ലൊ കണ്ടിട്ട്?
അനൂപ് ... മഴയുടെ ചിത്രം നന്നായി വരച്ചു.
Post a Comment