Monday, June 30, 2008

പഴകഞ്ഞി

കെട്ടോന്‍ നാലുകാലില്‍ ആടി വന്നിട്ട്
കെട്ടോളെടെ നെഞ്ചത്ത് രണ്ട് ചവിട്ട്.
രാത്രി ഭര്‍ത്താവു വരുവോളം കൂരയിലെ മണ്ണെണ്ണവിളക്കിന്റെ
വെട്ടത്തില്‍ കഞ്ഞിവിളമ്പി കാത്തിരുന്നാ പെണ്ണൂമ്പിളക്ക്
രാത്രി കണ്ണീരു മിച്ചം.
നേരം പുലരുമ്പോള്‍ മനയ്ക്കലെ തമ്പ്രാന്റെ പറമ്പില്‍
വേലയ്ക്കു പോകുന്ന കെട്ട്യോന്‍
തലേന്നത്തെ പഴകഞ്ഞി
ഒരു കിണ്ണം പാത്രത്തില്‍ ഒരു തവി തൈര്.
ഒരു ചുവന്നുള്ളീ , ഒരു കാന്താരിമുളക്
ഞരടിച്ചിട്ട് ഒരൊറ്റ വലി.
വീണ്ടും തമ്പ്രാന്റെ പറമ്പില്‍ വേല
രാത്രി കള്ളൂഷാപ്പിന്ന്
ആടി ആടി പുലമ്പി കൊണ്ട്
വാതില്‍ മുട്ടി.
ഫ,എരണം കെട്ടോളെ
വാതില്‍ തുറന്ന് മുന്നില്‍ വന്നു നില്‍ക്കുന്ന
ഭാര്യയെ കുനിച്ചു നിറുത്തി രണ്ടിടി
നേരം വെളുത്താല്‍ വീണ്ടും പഴകഞ്ഞി
കുടി.
തമ്പ്രാന്റെ പറമ്പിലെ പണി.
ഒരു ദിവസം കെട്ട്യോന്‍ മരിച്ചു.
കെട്ട്യോള്‍ തനിച്ചായി.
ഒരു രാത്രി പതിവുപോലെ
വാതിലില്‍ മുട്ടി
കെട്ട്യോള്‍ പരിഭ്രമത്തോടെ വാതില്‍ തുറന്നു
മുന്നില്‍ കണ്ടത് മനക്കലെ തമ്പ്രാന്‍
കൈയ്യില്‍ പലഹാരങ്ങള്‍ നാനാവിധം
മുഖത്ത് ഒരു വഷളന്‍ ചിരി.

Friday, June 27, 2008

ഒന്ന് കണ്ണൂ തുറക്കു കണ്ണാ

വിളിച്ചിട്ടും എന്റെ വിളികേള്‍ക്കാത്തതെന്തെ കണ്ണാ.
ആ മുരളിക ഒന്നൂതാത്തതെന്തെ കണ്ണാ.
കൈനിറയെ വെണ്ണയുമായ് നിന്‍ മുന്നില്‍
ഞാന്‍ കാത്തു നിലക്കുന്നത് നീ കാണാത്തതെന്തെ കണ്ണാ.
എന്നോടൊന്നു മിണ്ടാത്തതെന്തെ കണ്ണാ.
(വിളിച്ചിട്ടും)
പൂന്താനത്തിന്റെ ജഞാനപാനയുമായ് ഞാന്‍ വരാം.
മേല്പത്തൂരിന്റെ നാരായണീയവും കൊണ്ടു വരാം.
കുറുരമ്മയെപോലെ നിന്‍ മുന്നില്‍ വാത്സല്യമായ് ഞാന്‍ നിറഞ്ഞിടാ.
ഒന്നു കണ്ണൂതുറക്കെന്റെ കണ്ണാ.
(വിളിച്ചിട്ടും)
മഞ്ഞപട്ടാടയും അടയാഭരണവും ഞാന്‍ നല്കിടാ.
കാലികളുമായ് എന്നും നിന്‍ മുന്നില്‍ ഞാന്‍ വന്നെത്തിടാം.
എന്റെ മുന്നില്‍ ഒന്നു കണ്ണുതുറക്കെന്റെ കണ്ണാ.
(വിളിച്ചിട്ടും)

Monday, June 23, 2008

നാലുമണി മഴ

ആര്‍ത്തിരമ്പി വിളിച്ചോടിയെത്തി
ക്ലാസിലെ ജനല്‍പാളികളില്‍ ആര്‍ത്തുലച്ചു
ഭീകരമായ് പെയ്തിറങ്ങിയ നാലുമണിമഴ
സത്യവാന്‍ മാഷിന്റെ കണക്കു ക്ലാസ്
ചൂരല്‍ കഷായം.
ബോര്‍ഡിനു മുന്നിലായ് വിറച്ചു നിന്നു
ഒരു കഷണം ചോക്കില്‍ അറിയാ‍ത്ത ഗണിതപാഠമത്രയും.
വീശിയ വടിയില്‍ ആര്‍ത്തുലച്ചെത്തിയ മഴ
ക്ലാസ്സില്‍ അന്ധകാരത്തിന്റെ വിത്തുകള്‍ പാകിയപ്പോള്‍
സന്തോഷം
പെയ്യട്ടങ്ങനെ പെയ്യട്ടെ വെട്ടി വെട്ടി പെയ്യട്ടെ

Saturday, June 21, 2008

എന്തൊരു ചൂട്

കാലുകള്‍ തളരുന്നു തൊണ്ട വരളുന്നു.
ഒരടി നടക്കാന്‍ വയ്യെനിക്ക്
കണ്ണില്‍ കത്തികാളുന്ന കൊടിയതാപം
പുറത്തിറങ്ങാന്‍ ഇനി ഞാനില്ല
ഉച്ചക്ക് ഭക്ഷണം പോലും വേണ്ടെനിക്ക്
എന്തൊരു ചൂടണാപ്പാ.
ഒരു പെപ്സിക്ക് വില ഒന്നേക്കാല്
ഇന്ന് ആറ് പെപ്സി കുടിച്ചു.
ഒരു ട്യൂബ് ഫെയറാന്‍ ലൌലിയില്‍ മിനുക്കിയ മുഖമാണൊ
ഇത്
എനിക്ക് വയ്യ
നാട്ടിലാണെല്‍ മഴ കാണാമായിരുന്നു
ഗ്ലാമര്‍ നോക്കാമായിരുന്നു.
ഇതിപ്പോ എന്തിരു ദുരിന്തമാണ്
കറുത്താല്‍ ഒരു പെണ്ണൂ നോക്കുമോ എന്നെ
ഞാന്‍ ഇനി വെയിലത്ത് ഇറങ്ങില്ല
അയ്യോ എന്റെ ഗ്ലാമര്‍ പോയെ
ഇനി ഞാനെന്തു ചെയ്യും.

Friday, June 20, 2008

മഴപെയ്യുമ്പോള്

മഴ പെയ്യുമ്പോള്‍ തോടിയിലൂടെ ഒന്നിറങ്ങി നടക്കണം.
കേശവേട്ടന്റെ ആലയില്‍ കാച്ചിയ പൂവന്തുമ്പാ കൊണ്ട്
പറമ്പില്‍ അങ്ങിങ്ങായി നാലഞ്ചു ചാലുകള്‍ കീറണം.

പായല്‍കറപുരണ്ട ഓട്ടിറമ്പിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളത്തില്‍
തല നനച്ച് അഹ്ലാദത്തോടെ തുള്ളിചാടണം.

നാലഞ്ചുനാളുകള്‍ മുന്നെയുള്ള പത്രത്തിന്റെ താളുകള്‍ വലിച്ചു കീറി
വള്ളമുണ്ടാക്കണം.

അയലത്തെ ദേവകി ചേച്ചിടെ കയ്യാലപൊക്കത്തു
നിന്നും കുതിചെത്തൂന്ന കലക്കവെള്ളത്തില്‍ ആ കടലാസു വള്ളങ്ങള്‍
ഒഴുക്കി അവയ്കോപ്പം മഴ നനഞ്ഞ് നടക്കണം.

രാത്രിയായാല്‍ തേക്കെലെ ജോസേഫു ചേട്ടനും അവറാച്ചന്‍ ചേട്ടനും ഒപ്പം
വഴുക്കലുള്ള പാടവരമ്പിലൂടെ ഊത്തപിടിക്കാന്‍ പോണം.

ഉമ്മറത്ത് നീലചായം പൂശിയ ഉരുണ്ട വലിയതൂണില്‍ ചാരി നിന്ന്
കാതുകള്‍ അടച്ചും തുറന്നും മഴയുടെ ഇരമ്പല്‍ കേള്‍ക്കണം.

ഇറമ്പലടിക്കുന്ന ഇളം തിണ്ണയില്‍ നിന്ന് കൈകള്‍ രണ്ടും നീട്ടി
ആ ചാറ്റലിന്റെ കുളിര്‍ ഏറ്റുവാങ്ങണം.

രാത്രി പുറത്ത് ആനന്ദാനൃത്തമാടുന്ന മഴയുടെ സംഗീതം കേട്ട്
നല്ലൊരു പുതപ്പിനുള്ളില്‍ ഒന്നുമറിയാതെ ചുരുണ്ടു കൂടി ഒന്നുമയങ്ങണം.