Wednesday, July 16, 2008

കര്‍ക്കിടകം

അഷടഗന്ധം പുകച്ചു കൊണ്ടച്ചമ്മ നിലവിളക്കിനരുകിലായി
രുന്ന് രാമയാണം ചൊല്ലിടിന്നു.
ചാണകം മെഴുകിയ പഴയതറവാടിന്‍ ഉമ്മറത്തൂം ഇളം തിണ്ണയിലാകമാനം
കര്‍ക്കീടകമഴയുടെ പെരുംതുള്ളീകള്‍ ചിതറിടുന്നു.
ഉമ്മറപടിക്കരുകിലായൊരു കയറ്റുകട്ടിലില്‍ കറുത്തൊരുകമ്പിളി പുതപ്പിനുള്ളീല്‍
വിറച്ചു കൊണ്ട് മുത്തശ്ശി വെറ്റില മുറക്കുന്നു.
പാടത്തിനക്കരെയുള്ള തോട്ടെറിമ്പിലൂടെ നിരനിരയായി പോകുന്നു
പെട്രോമാക്സുകള്‍
കൂവലുകള്‍ കുറുകലുകള്‍
തലയില്‍ ഒരു തോര്‍ത്തു ചുറ്റി
അഛനിറങ്ങുന്നു.
നീളമുള്ള ഏവര്‍ഡി ടോര്‍ച്ചും മുത്തശ്ശന്റെ പഴയകാലന്‍ കുടയുമായി
ഊത്തപിടിക്കാന്‍

Saturday, July 12, 2008

ജന്മനാട്

എന്നേലും ഒരിക്കല്‍ എനിക്കെന്റെ ജന്മനാട്ടില്‍ പോണം.
മൂന്നും കൂടിയ കവലയില്‍ ബസ്സിറങ്ങി
കപ്പേളയുടെ അതിലെ കിടക്കുന്ന മണ്‍ വഴിയിലൂടെ നടക്കണം.
സത്യവാന്‍ ചേട്ടന്റെ മുറുക്കാന്‍ പീടികയില്‍ നിന്നും നാലണക്ക് ഒരു
നാരാങ്ങാ മിഠായി വാങ്ങി അതും നുണഞ്ഞ് പാടത്തെ ചെറുഞാറുകളില്‍
തട്ടി വരുന്ന കാറ്റും,അക്കരെ തോട്ടിലെ ചെറുപരല്‍ മീനുകളെയും നോക്കി
കരകണ്ടത്തിലൂടെ എന്റെ പഴയവീട്ടിലേക്ക് നടക്കണം.
നേര്‍ത്ത ചാറ്റല്‍ മഴ പെയ്യുമ്പോള്‍ മത്തങ്ങമത്തായിടെ പുരയിടത്തില്‍ നിന്നും
ഒരു മുഴുത്ത ചേമ്പില ഒടിച്ചെടുത്ത് തലയില്‍ ചൂടണം.
കരകണ്ടമിറങ്ങിയാല്‍ താഴച്ചപാടത്തൂടെ മലേല് കിളിയാള്
വച്ച പതുപതുപ്പുള്ള മണവരമ്പിലെ പശപശപ്പിലൂടെ നടന്ന് അക്കരെ കയറണം.
മഴകാലത്ത് വെള്ളം നിറഞ്ഞ് പൊട്ടിയൊലിക്കുന്ന വരമ്പിലൂടെ
കാലുകള്‍ നനച്ച് പടിഞ്ഞാറു നിന്നും അടിക്കുന്ന തണുത്തകാറ്റേറ്റ്
ബാല്യത്തിന്റെ സുഖമുള്ള ഓര്‍മ്മകളുമായി എനിക്കെന്റെ വീട്ടില്‍ തിരിച്ചെത്തണം.