മഴ പെയ്യുന്നു.
ആർത്തിരമ്പി, എന്തിനെയോ കീഴടക്കാനുള്ള ഉദ്യമത്തോടെ
മുറ്റത്തെ മാവിൻ കൊമ്പിൽ ഒരു പക്ഷിയെപോലെ ആത്മാവ് നനഞ്ഞൊലിച്ചു.
ഇടിയുടെ ശബ്ദം കേട്ടപ്പോൾ പുറത്തെ വാതിലുകൾ കുട്ടികൾ കൊട്ടിയടച്ചു.
എന്റെ ശരീരം ഇന്നലെ അഗ്നി വിഴുങ്ങിയതുകൊണ്ട് ഇന്ന് എനിക്ക് ശരീരമില്ല.
ഏങ്ങോ ചത്തു കിടന്ന ഒരു പക്ഷിയുടെ ശരീരം ഞാൻ കടം വാങ്ങി.
എന്റെ ദുരവസ്ഥ.
മഴനനഞ്ഞ് ശീലിച്ച് പ്രകൃതിയുമായി കൂട്ടുകൂടി നടന്നിട്ടുള്ള പക്ഷിയുടെ ശരീരത്തിലിരുന്ന് ഞാൻ വിറച്ചു.
ആരും വാതിൽ തുറന്നില്ല.
ഞാൻ ഇടക്കിടെ കൂവി കരഞ്ഞു.
ആരും കേട്ടില്ല.
എപ്പോഴോ അടുപ്പിൽ ഉപ്പുകൾ പൊട്ടുന്ന ശബദം കേട്ടു.
അന്നേരം എനിക്ക് മനസ്സിലായി
ഞാനൊരു മരണപക്ഷിയാണെന്ന്.